ഷാര്‍ജയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച്
ഷാർജ: എമിറേറ്റില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് പ്രഖ്യാപിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദേശപ്രകാരമാണ് തീരുമാനം.
ഖോർഫക്കാനിലെ ലുഅ്ലുഇയ്യ ബീച്ചില്‍ 500 മീറ്റർ പ്രദേശമാണ് സ്ത്രീകളുടെ മാത്രമായി നിശ്ചയിച്ചത്. ഖോർഫക്കാൻ നഗരത്തിലെ അല്‍ ബർദി 6, അല്‍ ബത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാല്‍നട പാലം നിർമിക്കാനും ഷാർജ ഭരണാധികാരി നിർദേശം നല്‍കി.
ഷാർജയിലെ ഡയറക്‌ട് ലൈൻ റേഡിയോ പരിപാടിയില്‍ ഷാർജ ആർ.ടി.എ ചെയർമാൻ യൂസഫ് ഖമീസ് അല്‍ ഉഥ്മാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ പാലം രണ്ട് പ്രദേശങ്ങള്‍ക്കിടയിലെ താമസക്കാരുടെ സഞ്ചാരത്തിന് ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹയാവ മേഖലയിലെ ഇന്‍റേണല്‍ റോഡുകളില്‍ ആർ.ടി.എ നവീകരണം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി മനോഹരമായ കടല്‍ത്തീരങ്ങളുള്ള ഷാർജ എമിറേറ്റില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ബീച്ച് നിശ്ചയിച്ചത് നിരവധി താമസക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതാണ്. ഷാർജയില്‍ വേനല്‍ക്കാല വിനോദങ്ങള്‍ക്കായി ബീച്ച് ഫെസ്റ്റിവലിന് തുടക്കമായിട്ടുണ്ട്.
സായാഹ്നങ്ങളില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ കഴിയുന്ന വിധമാണ് ഈ അവധിക്കാല മേള ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ചു മുതലാണ് ബീച്ച് ഫെസ്റ്റിവല്‍ വേദി സജീവമാവുക.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് ബീച്ച് ഫെസ്റ്റിവല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി അഥവാ ഷൂരൂഖ് ആണ് മേളയുടെ സംഘാടകർ.