ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മത്സരം; ആവേശം പകരാൻ ഇറാഖ് ആരാധകരെത്തും
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മത്സരത്തിന് ആവേശം കൂട്ടാൻ കുവൈത്തില്‍ ഇറാഖ് ആരാധകരെത്തും. ഈ മാസം 10ന് കുവൈത്തില്‍ നടക്കുന്ന കുവൈത്ത്-ഇറാഖ് പോരാട്ടം കാണാൻ 5,000 ഇറാഖി ആരാധകരുണ്ടാകും.ഇതുമായി ബന്ധപ്പെട്ട് കുവൈത്തും ഇറാഖും ധാരണയിലെത്തി.
ഇരു രാജ്യങ്ങളും അംഗീകരിച്ച സംവിധാനം വഴി ഇ-പാസ്‌പോർട്ടുള്ള 5,000 ഇറാഖി ആരാധകരുടെ സ്റ്റേഡിയത്തിലേക്ക് സുഗമമാക്കുമെന്ന് കുവൈത്തിലെ ഇറാഖ് അംബാസഡർ അല്‍ മൻഹാല്‍ അല്‍ സാഫി അറിയിച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും, പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അസ്സബാഹുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മൂന്നാം റൗണ്ടില്‍ ഗ്രൂപ് ബിയിലാണ് കുവൈത്തും ഇറാഖും. ദക്ഷിണ കൊറിയ, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നി എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. വ്യാഴാഴ്ച ജോർഡനെതിരെയാണ് കുവൈത്തിന്റെ ആദ്യ മത്സരം. പത്തിന് കുവൈത്തും ഇറാഖും എറ്റുമുട്ടും. പുതിയ കോച്ച് ജുവാൻ അന്‍റോണിയോ പിസിയുടെ നേതൃത്വത്തില്‍ യു.എ.ഇയില്‍ കഠിന പരിശീലനത്തിലാണ് കുവൈത്ത് ടീം.