സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ 27 മുതൽ കടകൾ അടച്ച് അനിശ്ചിതകാല സമരം ആരംഭിക്കും
കോട്ടയം : സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ 27 മുതൽ കടകളടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു . വേതന പാക്കേജ് പരിഷ്കരിക്കുക , കമ്മീഷനും ഇൻസെന്റീവും അതത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക , ഭക്ഷ്യധാന്യങ്ങൾക്ക് പകരം ഡയറക്ടർ പെയ്മെൻറ് സംവിധാനം നടപ്പാക്കി റേഷൻ വിതരണം ബിപിഎൽ മുൻഗണന വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം .
2018ൽ നടപ്പാക്കിയ വേതന പാക്കേജ് അനുസരിച്ച് തുച്ഛ പ്രതിഫലമാണ് വ്യാപാരികൾക്ക് ലഭിക്കുന്നത് . പല സംഘടനകളുടെയും വിയോജനക്കുറിപ്പ് അവഗണിച്ചാണ് പാക്കേജ് നടപ്പാക്കിയത്. ആറുമാസം കഴിഞ്ഞ് പിന്നെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും ആറു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല . വരുമാനം വർദ്ധിപ്പിക്കുന്നതിന് മറ്റു നിത്യോപയോഗ സാധനങ്ങൾ ഇതിലൂടെ വിതരണം ചെയ്യാൻ അനുവദിക്കണമെന്നും ജോണി നെല്ലൂർ ആവശ്യപ്പെട്ടു . ടി മുഹമ്മദാലി , കെ.ബി ബിജു , ജി . ശശിധരൻ, സുരേഷ് കാരേറ്റ് എന്നിവരും വർത്ത സമ്മേളനത്തിൽ പങ്കെടുത്തു