സൂപ്പര്‍ ലീഗ് കേരള: കപ്പടിച്ച കാലിക്കറ്റിന് ഒരു കോടി; ഫോഴ്സ കൊച്ചിക്ക് 50 ലക്ഷം
കോഴിക്കോട്: സൂപ്പർ ലീഗ് കേരള മത്സരത്തില്‍ വിജയിച്ച കാലിക്കറ്റ് എഫ്.സിക്ക് ലഭിച്ചത് ഒരു കോടി. റണ്ണറപ്പായ ഫോഴ്സ കൊച്ചിക്ക് ലഭിച്ചത് 50 ലക്ഷം.മികച്ച കളിക്കാരനായി സൂപ്പർ ലീഗ് കേരളയില്‍ അഞ്ചു ഗോളുകള്‍ നേടിയ കാലിക്കറ്റിന്റെ കെർവിൻസ് ബെല്‍ഫോർട്ടിനെ തെരഞ്ഞെടുത്തു. ഗോള്‍ഡൻ ബൂട്ട് ഫോഴ്സ കൊച്ചിയുടെ ബ്രസീലിയൻ താരം ഡോറില്‍ട്ടണ്‍ ഗോമസിന് ലഭിച്ചു. ഏഴു ഗോളാണ് നേടിയത്. മികച്ച ഗോള്‍ കീപ്പറായി കൊച്ചിയുടെ കെ.എസ്. ഹജ്മല്‍ അർഹനായി.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫോഴ്സ കൊച്ചി എഫ്.സിയെ 2-1ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം ചൂടിയത്. 16ാം മിനിറ്റില്‍ തോയി സിങ്, 71ാം മിനിറ്റില്‍ കെർവൻസ് ബെല്‍ഫോർട്ട് എന്നിവരാണ് കാലിക്കറ്റിനായി ഗോള്‍ നേടിയത്. എക്സ്ട്രാ ടൈമില്‍ ഡോറിയല്‍ട്ടൻ ഗോമസിന്‍റെ വകയായിരുന്നു കൊച്ചിയുടെ ഏക ഗോള്‍.
പതിനാലാം മിനിറ്റില്‍ തന്നെ കൊച്ചി താരം ഡോറിയല്‍ട്ടനെ ഫൗള്‍ ചെയ്തതിന് ഒലൻ സിംഗിന് മഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടടുത്ത മിനിറ്റില്‍ കാലിക്കറ്റിന്റെ ആദ്യ ഗോള്‍ വന്നു. മധ്യനിരയില്‍ നിന്ന് ഗനി നിഗം നീക്കിയിട്ട പന്ത് കെന്നഡി ഓടിപ്പിടിച്ച് ബോക്സിലേക്ക് മറിച്ചുനല്‍കി. കൃത്യം പൊസിഷൻ കീപ്പ് ചെയ്ത തോയ് സിംഗിന്റെ ഫസ്റ്റ് ടൈം ഫിനിഷ് കൊച്ചി പോസ്റ്റില്‍ (1-0).
മുപ്പത്തിമൂന്നാം മിനിറ്റില്‍ പരിക്കേറ്റ ഗനി നിഗമിനെ പിൻവലിച്ച കാലിക്കറ്റ് ജിജോ ജോസഫിനെ കൊണ്ടുവന്നു. പിന്നാലെ ബെല്‍ഫോർട്ട് പായിച്ച ലോങ് റെയ്ഞ്ചർ കൊച്ചി ഗോള്‍ കീപ്പർ ഹജ്മല്‍ രക്ഷപ്പെടുത്തി. ആദ്യപകുതിയില്‍ കൊച്ചിയുടെ ഡോറിയല്‍ട്ടൻ, കമല്‍പ്രീത് എന്നിവർക്കും കാലിക്കറ്റിന്റെ മുഹമ്മദ് റിയാസിനും മഞ്ഞക്കാർഡ് ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിജോ ഗില്‍ബർട്ട് മൂന്ന് എതിർ താരങ്ങളെ കബളിപ്പിച്ചു നടത്തിയ മുന്നേറ്റം കാലിക്കറ്റ് ഗോള്‍ കീപ്പർ വിശാല്‍ തടഞ്ഞിട്ടു. തുടർച്ചയായി കോർണറുകള്‍ നേടി കൊച്ചി ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ അറുപതാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കാൻ കാലിക്കറ്റിന് അവസരം ലഭിച്ചു. പക്ഷെ, തോയ് സിംഗിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു.
എഴുപതാം മിനിറ്റില്‍ സമനില നേടാനുള്ള കൊച്ചിയുടെ ശ്രമത്തിന് ക്രോസ് ബാർ തടസമായി. സാല്‍ അനസിന്റെ ചിപ്പ് ഷോട്ടാണ് ഗോളാകാതെ പോയത്. എഴുപത്തിയൊന്നാം മിനിറ്റില്‍ കാലിക്കറ്റ് രണ്ടാം ഗോളടിച്ചു. പകരക്കാരൻ എണസ്റ്റ് ബെർഫോ ഹെഡ് ചെയ്തു നല്‍കിയ അസിസ്റ്റില്‍ സ്കോർ ചെയ്തത് കെർവൻസ് ബെല്‍ഫോർട്ട് (2-0).
ഇഞ്ചുറി ടൈമില്‍ റഫേല്‍ അഗസ്റ്റോയുടെ പാസില്‍ ഡോറിയല്‍ട്ടൻ കൊച്ചിയുടെ ആശ്വാസഗോള്‍ കുറിച്ചു (2-1). ലീഗില്‍ ബ്രസീല്‍ താരത്തിന്റെ എട്ടാം ഗോള്‍. അവസാന നിമിഷങ്ങളില്‍ അർജുൻ ജയരാജിന്റെ നേതൃത്വത്തില്‍ കൊച്ചി സമനിലക്കായി പരിശ്രമിച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധം ഇളകാതെ നിന്നതോടെ പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കിരീടം കോഴിക്കോട്ടേക്ക്. 36,000ത്തോളം കാണികളാണ് ഫൈനല്‍ മത്സരം കാണാൻ എത്തിയത്.