Breaking News
Breaking

പറക്കും ടാക്സി

പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കല്‍ 400 കടന്നു


ദുബൈ: യു.എ.ഇയില്‍ പറക്കും ടാക്സികളുടെ പ്രവർത്തനം അടുത്ത വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി 400 ലേറെ തവണ പരീക്ഷണപ്പറക്കല്‍ പൂർത്തിയാക്കി.യു.എസ് ആസ്ഥാനമായ ആർചർ ഏവിയേഷൻ എന്ന കമ്ബനിയാണ് നാലുപേർക്ക് സഞ്ചരിക്കാവുന്ന 'മിഡ്നൈറ്റ്' ചെറുവിമാനങ്ങളുടെ പരീക്ഷണം നടത്തി വരുന്നത്. ഈ വർഷം ആകെ 400 പരീക്ഷണ പറക്കലാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് എട്ടു മാസത്തിനിടെ പൂർത്തിയാക്കാൻ സാധിച്ചിരിക്കുന്നത്.

ആർചർ കമ്ബനി നേരത്തേ വെർടിപോർടുകള്‍ നിർമിക്കാനായി യു.എ.ഇ കമ്ബനികളുമായി കരാറില്‍ ഒപ്പിട്ടിരുന്നു. അതോടൊപ്പം 'മിഡ്നൈറ്റ്' ചെറുവിമാനങ്ങള്‍ അബൂദബിയില്‍ നിർമിക്കാനും ധാരണയിലെത്തുകയുണ്ടായി.നാലു യാത്രക്കാർക്കും പൈലറ്റിനും സഞ്ചരിക്കാവുന്ന 'മിഡ്നൈറ്റ്' പറക്കും ടാക്സികള്‍ പ്രവർത്തനം ആരംഭിക്കുന്നതോടെ, സാധാരണ ഗതിയില്‍ 60 മുതല്‍ 90 വരെ മിനിറ്റ് സമയമെടുത്തിരുന്ന അബൂദബി-ദുബൈ യാത്ര 10-20 മിനിറ്റായി ചുരുങ്ങും.

യാത്രക്ക് 800 ദിർഹം മുതല്‍ 1500 ദിർഹം വരെയാണ് ചെലവ് വരുക. അതേസമയം ദുബൈക്ക് അകത്തുള്ള യാത്രക്ക് 350 ദിർഹമാണ് നിരക്ക് ഈടാക്കുക. വിമാനത്തിന്‍റെ ഭാരം, വൈബ്രേഷനുകള്‍, പ്രവർത്തന മികവ്, കൈകാര്യം ചെയ്യുന്ന രീതി, ഗുണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും ഉപയോഗിക്കുന്ന നിർണായക വിവരങ്ങള്‍ ശേഖരിക്കാനാണ് പരീക്ഷണപ്പറക്കല്‍ തുടർച്ചയായി സംഘടിപ്പിക്കുന്നത്.

ദുബൈയില്‍ പറക്കും ടാക്സികളുടെ പ്രവർത്തനം അടുത്തവർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് നേരത്തേ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷനും വെളിപ്പെടുത്തിയിരുന്നു.

അടുത്ത വർഷം തുടക്കത്തില്‍ ആദ്യ പറക്കും ടാക്സി ലോഞ്ച് ചെയ്യാനും വർഷാവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ സർവിസ് ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ജോബി ഏവിയേഷൻ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സേവനം നടപ്പിലാക്കുന്നതിന് ജോബി ഏവിയേഷൻ ദുബൈ റോഡ്‌ ഗതാഗത അതോറിറ്റിയുമായി(ആർ.ടി.എ) ഈ വർഷാദ്യത്തില്‍ കരാർ ഒപ്പിട്ടിരുന്നു.

2027 ഓടെ യു.എ.ഇയില്‍തന്നെ നിർമിക്കുന്ന എയര്‍ടാക്‌സികള്‍ പ്രവർത്തനം തുടങ്ങുമെന്ന് നേരത്തേ യു.എസ് കമ്ബനിയായ ഒഡീസ് ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നു. ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകല്‍പന ചെയ്ത ഹൈബ്രിഡ്-ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളാണ് കമ്ബനി പ്രത്യേകം നിർമിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.


LIVE TV KERALA
27856 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.